book5

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാക്കന്മാരുടെ പേരുകളും, കാലഘട്ടങ്ങളും, സംഭാവനകളും , എഴുത്തുകളും, വ്യാഖ്യാനങ്ങളും എന്നും സ്മരിക്കപ്പെടേണ്ടതാണ്. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള ചെറിയ പരിശ്രമമെന്ന നിലയില്‍ എന്റെ കശീശാസ്ഥാന സ്വീകരണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ (14-10-2009) പ്രസിദ്ധീകരിക്കാനാഗ്രഹിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഞാന്‍ പരിശുദ്ധ പിതാക്കന്മാരുടെ ജീവചരിത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത നാലഞ്ചുവര്‍ഷങ്ങള്‍കൊണ്ട് എഴുതി പൂര്‍ത്തിയാകുമ്പോള്‍ നൂറ്റന്‍പതിലധികം വിശുദ്ധന്മാരെ സംബന്ധിക്കുന്ന ഒരു ജീവചരിത്ര ഗ്രന്ഥമായിരിക്കുമത്.
ലഭ്യമായ ചരിത്രപുസ്തകങ്ങള്‍ പരിശോധിച്ചും, ഉപരിപഠനാര്‍ത്ഥം കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ശേഖരിച്ചതുമായ രേഖകള്‍ അപഗ്രഥിച്ചും, സുറിയാനി സഭയ്ക്ക് അംഗീകാര യോഗ്യമായ വിവരണങ്ങളും വിശദാംശങ്ങളുമാണീ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയ സ്ഥലനാമങ്ങളും, ആധുനിക സ്ഥലനാമങ്ങളും, വിശുദ്ധന്മാരുടെ പേരിന്റെ വിവിധ രൂപങ്ങളും വ്യത്യസ്തതകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് തുടര്‍ന്നുള്ള പഠനത്തിനും ഭാവി തലമുറയ്ക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടും കൂടെയാണ്.
വി. ഗീവറുഗീസ് സഹദായെ സംബന്ധിച്ച് കോട്ടയം ഭദ്രാസന ജേണലില്‍ 2003 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം വായിച്ച ഡോ. സി. എ. നൈനാന്‍ എന്നെ ടെലിഫോണില്‍ വിളിച്ചു: ഞാന്‍ എന്റെ ദീര്‍ഘകാല പദ്ധതികള്‍ വിശദീകരിച്ചു. ദശാംശം നീക്കിവച്ച് പ്രസിദ്ധീകരണ ശുശ്രൂഷയ്ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്ന  നൈനാന്‍ സാര്‍ തുടര്‍ന്നു: എഴുതിയിടത്തോളം എന്നെ ഏല്പിച്ചാല്‍ പുസ്തകമായി പ്രസിദ്ധീകരിക്കാം. എത്രപേരുടെ എഴുതി തീര്‍ന്നിട്ടുണ്ട്?…..ഈ ആശയവിനിമയത്തിന്റെ പരിണിതഫലമാണീ പുസ്തകം.
പുസ്തക പ്രസാധനമെന്ന നഷ്ടക്കച്ചവടം സഭയില്‍ നടത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ സഭയിലുണ്ടെന്നത് ആശ്വാസം പകരുന്നു. വി. അന്തോനിയോസിന്റെ ജീവചരിത്രം പുന: പ്രസിദ്ധീകരണം നടത്തുന്നതിന് അമേരിക്കയിലെ പോര്‍ട്ട്‌ലാന്റില്‍ നിന്നും ബഹുമാന്യയായ ആന്‍ എബ്രാഹം സാമ്പത്തിക സഹായം അയച്ചുതന്നത് നന്ദിയോടെ ഓര്‍ക്കുന്നു. ഡോ. സി. എ. നൈനാനെ പോലെ പ്രസിദ്ധീകരണങ്ങള്‍ക്ക് ചിലവഴിക്കുന്നവര്‍ വലിയ സേവനമാണ് സഭയില്‍ നിര്‍വ്വഹിക്കുന്നത്. കൂടുതല്‍ സഭാമക്കള്‍ ഈ ശുശ്രൂഷയെ സഹായിക്കാനാഹ്വാനം ചെയ്യട്ടെ.
കാലം ചെയ്ത ശ്രേഷ്ഠ ബേലിയോസ് പൗലോസ് രണ്ടാമന്‍ ബാവ 1978 ജൂലൈ 23-ാം തീയതി തൃക്കോതമംഗലം ദയറാ പള്ളിയില്‍ വെച്ച് ബലഹീനനായ എനിക്കു യൗഫദ്‌യക്കിനൊ പട്ടം തന്നു. ആയതിന്റെ ഒരു ജൂബിലി ഉപഹാരമായി സുറിയാനി സഭയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുവാന്‍ കഴിയുന്നതില്‍ ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തുന്നു.

gfr download