book2

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന പിതാക്കന്മാരെ സംബന്ധിച്ച് സഭാമക്കള്‍ക്ക് സാമാന്യ അറിവ് നല്‍കാനുദ്ദേശിച്ചുള്ളതാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന മൂന്നാം വാല്യം. ഓരോ വാല്യത്തിലും മുപ്പതുപേരുടെ ജീവചരിത്രങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പോസ്‌തോലന്മാര്‍ കഴിഞ്ഞാല്‍ ക്രിസ്തുസംഭവങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെട്ടിട്ടുള്ളവരാണ് സഭാപിതാക്കന്മാര്‍. അവരുടെ പ്രബോധനത്തോടും, വ്യാഖ്യാനത്തോടും, സഭാജീവിതക്രമീകരണങ്ങളോടും പൊരുത്തപ്പെട്ടുപോയെങ്കിലേ ഇന്നത്തെ സുവിശേഷപ്രഘോഷണവും ആത്മീയ ജീവിതവും അര്‍ത്ഥവത്താകുകയുള്ളു. വിശുദ്ധ സഭയോട് ചേര്‍ത്ത് പണിയപ്പെടുന്ന ഓരോ കല്ലും സഭാ പിതാക്കന്മാര്‍ നേരത്തെ പണിതതിനോട് അനുരൂപപ്പെടുത്തിയില്ലെങ്കില്‍ സഭ ഛിന്നഭിന്നമായിപ്പോകും. വിശുദ്ധ പിതാക്കന്മാരുടെ വ്യാഖ്യാനങ്ങളും പഠിപ്പിക്കലുകളും മറികടന്ന് വി. ഗ്രന്ഥത്തിന് സ്വതന്ത്ര വ്യാഖ്യാനം നല്‍കുന്നത് സുറിയാനി സഭ അംഗീകരിക്കുന്നില്ല. ശാസ്ത്രസാങ്കേതിക വിദ്യകള്‍ പുരോഗമിച്ചിട്ടുണ്ടെങ്കിലും പിതാക്കന്മാരുടെ അതുല്യാവസ്ഥ ഇന്നും നിലനില്ക്കുന്നു. ‘ഓര്‍ത്തഡോക്‌സ് സഭ’ എന്ന പ്രയോഗത്തിനടിസ്ഥാനം മേല്‍പ്പറഞ്ഞ സവിശേഷതയാണ്.
സുറിയാനി സഭാപിതാക്കന്മാരുടെ ജീവിത സുകൃതങ്ങള്‍ അറിയുന്നതിനും അവരുടെ കാലഘട്ടങ്ങളിലെ വേദവിപരീതങ്ങളും, പീഢകളും മനിലാക്കുന്നതിനും ഈ പുസ്തകം പ്രയോജനപ്പെടും. ആശ്രിത ഗ്രന്ഥങ്ങള്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലായതിനാല്‍ വിവര്‍ത്തനത്തില്‍ പാളിച്ചകളുണ്ടായെന്നുവരാം. അത്തരം പോരായ്മകള്‍ ഒഴിവാക്കുന്നതിന് പലയിടത്തും ഇംഗ്ലീഷ്ഭാഷയില്‍ തന്നെ ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്.
സഭാമക്കളുടെ ഭാവി പഠനത്തെ ഉദ്ദേശിച്ച് പിതാക്കന്മാരുടെ കൃതികളെ സംബന്ധിക്കുന്ന സൂചനകള്‍ യഥാവസരം ചേര്‍ത്തിട്ടുണ്ട്. പ. അഫ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ, പ. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ, വന്ദ്യ അഫ്രേം പൗലൂസ് റമ്പാന്‍ എന്നിവരുടെ

പുസ്തകങ്ങളും, കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ശേഖരിച്ച ഗ്രന്ഥങ്ങളും, എന്റെ സ്‌നേഹിതന്മാരായ ഡോ. തോമസ് ജോസഫ,് ശ്രീ. വര്‍ഗീസ് ടൈറ്റസ് (കാലിഫോര്‍ണിയ) എന്നിവര്‍ പലപ്പോഴായി സമ്മാനിച്ച അമൂല്യഗ്രന്ഥങ്ങളും ഈ പുസ്തകം തയ്യാറാക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പല സ്ഥലങ്ങളിലും എത്തിയിട്ടില്ല എന്നത് ഖേദകരമാണ്. ഉദയഗിരിയിലെ സെമിനാരി ബുക്സ്റ്റാളിലും, കോട്ടയം സെന്റ്‌ജോസഫ് കത്തീഡ്രലിലെ മോര്‍ യൂലിയോസ് ബുക് സ്റ്റാളിലും, മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറാ ബുക്സ്റ്റാളിലും, മണര്‍കാട് കേഫാ ബുക്സ്റ്റാളിലും, പുത്തന്‍ കുരിശ് സോഫിയ ബുക് സെന്ററിലും ഈ വാല്യങ്ങള്‍ ലഭ്യമാണ്. സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം കൊടുക്കുന്നതിന് സുറിയാനിസഭാ സംബന്ധമായ പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഭാവി തലമുറയ്ക്ക് പ്രയോജനകരമായിരിക്കും.
കാലം ചെയ്ത ശ്രേഷ്ഠ ബേലിയോസ് പൗലോസ് രണ്ടാമന്‍ ബാവ 1978 ജൂലൈ 23-ാം തീയതി തൃക്കോതമംഗലം ദയറാപ്പള്ളിയില്‍ വച്ച് ബലഹീനനായ എനിക്ക് യൗഫദയക്കിനോ പട്ടം തന്നു. 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ സന്ദര്‍ഭത്തില്‍ സുറിയാനി സഭയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുവാന്‍ കഴിയുന്നതില്‍ ത്രീയേക ദൈവത്തെ സ്തുതിക്കുന്നു.

gfr download