സുറിയാനി സഭയിലെ രക്തസാക്ഷികളെയും പരിശുദ്ധന്മാരെയും മേലദ്ധ്യക്ഷന്മാരെയും സംബന്ധിച്ചെഴുതിയ മൂന്നു വാല്യങ്ങള്‍ക്കു ലഭിച്ച നല്ല സ്വീകരണമാണ് ഇപ്പോള്‍ നാലാം വാല്യം എഴുതുന്നതിന് പ്രേരണയായത്.സഭാ കലണ്ടറനുസരിച്ച് പല പരിശുദ്ധന്മാരുടെയും പേരുകള്‍ അറിയാമെങ്കിലും അവരില്‍ ചിലരുടെ ജീവചരിത്രങ്ങള്‍ ലഭ്യമല്ല. ജീവചരിത്രമെഴുതുന്നതിന് ആധികാരിക ഗ്രന്ഥങ്ങളുടെ അഭാവം വലിയ പ്രതിബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് കാലിഫോര്‍ണിയയിലെ സെന്റ് മേരീസ് ദൈവാലയത്തിന്റെ ജൂബിലിയില്‍ സംബന്ധിക്കുന്നതിന് ക്ഷണമുണ്ടായത്. ദൈവകാരുണ്യത്താല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നാലഞ്ചു വര്‍ഷങ്ങള്‍ ആ ഇടവകയെ ശുശ്രൂഷിക്കാനവസരമുണ്ടായതാണ് മേല്‍പറഞ്ഞ ക്ഷണത്തിനടിസ്ഥാനം. 2007 ആഗസ്റ്റ് മാസത്തില്‍ കാലിഫോര്‍ണിയയിലെ പള്ളിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും അതോടൊപ്പം വിശുദ്ധന്മാരെപ്പറ്റി കുറെകൂടി പഠിക്കുന്നതിന് ലൈബ്രറികളില്‍ സമയം ഉപയോഗപ്പെടുത്തുന്നതിനും സാധിച്ചു. പഠനത്തിന്റെ തിരക്കിനിടയിലും ശ്രീ. നിഷാദ് വറുഗീസ് പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്നെടുക്കുന്നതിന് എന്നെ വളരെ സഹായിച്ചു. ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ കാമ്പസ്, പെപ്പര്‍ഡൈന്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നു പുസ്തകങ്ങള്‍ ക്രമീകരിക്കുകയും രണ്ടു മൂന്നു ദിവസങ്ങള്‍ എനിക്കുവേണ്ടി നീക്കിവെക്കുകയും ചെയ്തു.എന്റെ പരിശ്രമങ്ങളും താല്പര്യങ്ങളും മനിലാക്കി ശ്രീ. വറുഗീസ് ടൈറ്റസ് സഭാപിതാക്കന്മാരെ സംബന്ധിച്ചുള്ള ഏതാനും പുസ്തകങ്ങള്‍ വാങ്ങി തരികയും, പിന്നീട് ചിലത് അയച്ചുതരികയും ചെയ്തു. ഇവരുടെയെല്ലാം സഹായവും സഹകരണവുമാണ് നാലാം വാല്യത്തിലുള്‍പ്പെടുത്തിയിരിക്കുന്ന ചില പരിശുദ്ധന്മാരെ സംബന്ധിക്കുന്ന ആശ്രിത ഗ്രന്ഥങ്ങള്‍ ലഭിക്കുന്നതിന് ഇടയായത്. സഭാപിതാക്കന്മാരെ സംബന്ധിച്ച വിശദാംശങ്ങള്‍ കാലപഴക്കത്തില്‍ നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനാണീ ഉദ്യമം. സഭാപിതാക്കന്മാരെ സംബന്ധിച്ചും അവരുടെ ദൈവശാസ്ത്ര ചിന്തകളെ സംബന്ധിച്ചും അടുത്ത തലമുറ അറിയണമെന്നാണ് ഈ പരിശ്രമത്തിന്റെ ലക്ഷ്യം. നവീന സഭാ വിഭാഗങ്ങള്‍ വേദപുസ്തകത്തെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലുകള്‍ അവഗണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം സഭാ പാരമ്പര്യങ്ങളെയും വിവിധ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന വേദവിപരീതങ്ങളെയും സഭാവിശ്വാസികള്‍ക്ക് പരിചയപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
സുറിയാനി സഭയുടെ പൈതൃകം അടുത്ത തലമുറയ്ക്കു കൈമാറേണ്ടവര്‍ സ്വന്തം സഭാ പൈതൃകത്തെ വിലയിടിച്ചു കാണിക്കുകയും പുത്തന്‍ പ്രവണതകളുടെ പുറകെ പരക്കം പായുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സുറിയാനി സഭയുടെ വേരുകള്‍ അജ്ഞാതമാണെങ്കില്‍ മാര്‍ഗ്ഗഭ്രംശം സ്വാഭാവികമാണ്. സഭയുടെ പൈതൃകം സ്വന്തം പൈതൃകമാക്കുന്നതിനു പകരം വ്യക്തിപരമായ വീക്ഷണങ്ങള്‍ സഭാ പൈതൃകമാക്കാന്‍ വെമ്പുന്നവര്‍ സുറിയാനി സഭയോടു കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. ഈ ഹ്മഹ്നകാലോചിതമായഹ്നഹ്ന ചുവടു മാറ്റം ഗൗരവത്തോടെ കാണേണ്ടതാണ്. ആദിമ സഭയുടെ പാരമ്പര്യത്തിന് അതുല്യമായ ഒരു ആധികാരികതയുണ്ട്. ആ ആധികാരികതയുടെ അടിസ്ഥാനം ക്രിസ്തുവിനോടു കൂടെ സഹവസിച്ച ശിഷ്യന്മാരും, ശിഷ്യന്മാരില്‍ നിന്നു ഉളവാകുന്ന, സഭാ പിതാക്കന്മാരാല്‍ ഭാരമേല്പിക്കപ്പെട്ട വിശ്വാസ പ്രമാണങ്ങളുമാണ്. ഈ പാരമ്പര്യത്തോടാണ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വിശ്വസ്തത പുലര്‍ത്തേണ്ടത്. അതിനുള്ള പ്രേരണയാകട്ടെ ഈ ചെറിയ ഗ്രന്ഥം എന്നാഗ്രഹിക്കുന്നു. നാലാം വാല്യത്തിന് പ്രൗഢമായ അവതാരിക എഴുതിത്തന്ന കമാന്റര്‍ ഡോ. സി.എ. നൈനാന്‍സാറിനോടുള്ള നന്ദി രേഖപ്പെടുത്തട്ടെ. ഈ പുസ്തകത്തിന്റെ ടൈപ്പ് സെറ്റിംഗ്, കവര്‍ ഡിസൈന്‍ ചെയ്തുതന്ന ശ്രീ. സന്തോഷ് ജോസഫിനോടും പ്രിന്റിംഗ് നിര്‍വ്വഹിച്ച ഡോണാ കളര്‍ ഗ്രാഫ്‌സ്, കോട്ടയം; പ്രസിദ്ധീകരണത്തിന് സാമ്പത്തികസഹായം നല്‍കിയ ശ്രീ. ജോണ്‍ തോമസ്, മുരിക്കോലിപ്പുഴ, കോട്ടയം എന്നിവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് ഭാഗ്യമോടെ നമ്മെ മേയിച്ചു ഭരിക്കുന്ന ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ ഇവാസ് ഒന്നാമന്‍ ബാവ ബലഹീനനായ എനിക്ക് 1984 ഒക്‌ടോബര്‍ 14-ാം തീയതി ദമസ്‌ക്കോസിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ വച്ച് കശീശാപട്ടം നല്കി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ സുറിയാനിസഭയ്ക്ക് ഈ നാലാം വാല്യം സമര്‍പ്പിക്കുവാന്‍ കഴിയുന്നതില്‍ ത്രിയേകദൈവത്തെ മഹത്വപ്പെടുത്തുന്നു.