സുറിയാനി സഭയിലെ രക്തസാക്ഷികളെയും പരിശുദ്ധന്മാരെയും മേലദ്ധ്യക്ഷന്മാരെയും സംബന്ധിച്ചെഴുതുന്ന അഞ്ചാമത്തെ വാല്യമാണിത്. അഞ്ചു വാല്യങ്ങളിലായി 150 ജീവചരിത്രങ്ങളാണ് എഴുതിയിട്ടുള്ളത്. ”പരിശുദ്ധന്മാരുടെ കബറുകള്‍ വെറും കോണ്‍ക്രീറ്റു കട്ടകളാണെന്ന്” പ്രചരിപ്പിക്കുന്ന ‘സുവിശേഷകന്മാര്‍’ സഭയില്‍തന്നെ ഊറാടുന്ന കാലഘട്ടമാണിത്.
പഴയനിയമ (പുറപ്പാട് 13: 19; യോശുവ 24: 32; 2 രാജക്കന്മാര്‍ 2: 14; 2 രാജക്കന്മാര്‍ 13: 20-21) പുതിയനിയമപുസ്തകങ്ങള്‍ (അപ്പസ്‌തോല പ്രവര്‍ത്തികള്‍ 5: 15-16; 19:11-12) ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് വിശുദ്ധന്മാരുടെ മദ്ധ്യസ്ഥത നിഷേധിക്കാനാവില്ല. എന്നാല്‍ ആര്‍പ്പുവിളികളിലും അംഗവിക്ഷേപങ്ങളിലും മറ്റും ആത്മീയത കണ്ടെത്തുന്ന പുതിയ തലമുറയെ എങ്ങനെ സഹായിക്കാനാകും?
ഈ വാല്യങ്ങളുടെ രചനയിലെല്ലാം വലിയ ദൈവനടത്തിപ്പുണ്ടായിട്ടുണ്ട്. പല വിശുദ്ധരുടെയും ജീവചരിത്രഅന്വേഷണങ്ങള്‍ സഫലമായ വഴികള്‍ എനിക്കു നല്‍കിയ ഉള്‍ക്കാഴ്ചയതാണ്. 150 ജീവചരിത്രങ്ങള്‍ എഴുതിയതില്‍ 50 എണ്ണം മാത്രമേ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതിന് സാധിച്ചിട്ടുള്ളു. ശേഷിക്കുന്നവകൂടി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം.
ഡോ. സി. എ. നൈനാന്‍ സാറിന്റെ പ്രേരണയും സാമ്പത്തികസഹായവുമാണ് ഈ പരമ്പരയുടെ ഒന്നാം വാല്യം 2003 ല്‍ പ്രസിദ്ധീകരിക്കാനിടയായത്. തുടര്‍ന്ന് 2, 3, 4 വാല്യങ്ങള്‍ യഥാക്രമം 2004, 2006, 2009 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ആദ്യമൂന്നു വാല്യങ്ങളുടെയും രണ്ടാം പതിപ്പും ഇതിനോടകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനെല്ലാം ഈ എളിയവനെ ശക്തനാക്കിയ ത്രിയേകദൈവത്തെ മഹത്വപ്പെടുത്തുന്നു.
2010 ജനുവരി മാസത്തില്‍ പുണ്യശ്ലോകനായ മോര്‍ യൂലിയോസ് കുരിയാക്കോസ് തിരുമേനിയൊടൊന്നിച്ചു സിറിയയിലെ മാറത്ത് സെയ്ദനായയിലുള്ള പാത്രിയര്‍ക്കാ ആസ്ഥാനത്ത് താമസിക്കുമ്പോള്‍ ലൈബ്രറിയില്‍ മൂന്ന് ദിവസങ്ങള്‍ ചിലവഴിക്കാനിടയായി. ചില വിശുദ്ധന്മാരുടെ ജീവചരിത്രം ലഭ്യമായത് അവിടെനിന്നാണ്. മോര്‍ അഫ്രേം സെമിനാരിയിലെ ബ: ജോണ്‍ അന്‍ഡേഴ്‌സണ്‍ ശെമ്മാശന്‍ ഈ കാര്യങ്ങളില്‍ എന്നെ ഏറെ സഹായിച്ചു. കൂടാതെ അവിടെ നിന്നു കുറിച്ചെടുത്ത ആശ്രിതഗ്രന്ഥങ്ങള്‍ ലഭ്യമാക്കുന്നതിന് ശ്രീ വറുഗീസ് ടൈറ്റസ് (ലോസ്ഏജലസ്, കാലിഫോര്‍ണിയ) സന്നദ്ധനായി. ശ്രീ. മനോജ് മാത്യു ആര്യാന്‍ടന്‍പാക്കന്‍ മാസികകളിലെഴുതിയ ചില മെത്രാപ്പോലീത്തന്മാരെ സംബന്ധിക്കുന്ന വിവരണങ്ങളും ഈ രചനയ്ക്ക് ഏറെ പ്രയോജനപ്പെട്ടു.
ഈ വാല്യത്തിന് പ്രൗഢമായ അവതാരിക എഴുതിതന്ന ഡോ. സി. എ. നൈനാന്‍ സാര്‍, ഡി.റ്റി.പി. ജോലികള്‍ നിര്‍വ്വഹിച്ച വിജയ ബുക്ക് ഹൗസ്, കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ. സന്തോഷ് ജോസഫ്, പ്രിന്റിംഗ് നിര്‍വ്വഹിച്ച ഡോണാ കളര്‍ ഗ്രാഫിസ്‌ക്, പ്രസിദ്ധീകരണം ഏറ്റെടുത്ത ദ ട്രാവന്‍കോര്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് പബ്ലീഷേഴ്‌സ്, കോട്ടയം, പ്രസിദ്ധീകരണത്തിന് സാമ്പത്തികസഹായം നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കട്ടെ.